സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി : ഇടുക്കി  മണ്ഡലത്തില്‍ 8  സ്ഥാനാര്‍ത്ഥികള്‍

12  പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നത് . സൂക്ഷ്മ പരിശോധനയില്‍ 4  സ്ഥാനാര്‍ത്ഥികളുടെ  നാമനിര്‍ദേശ പത്രിക തള്ളി

Apr 6, 2024 - 16:29
 0  6
സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി : ഇടുക്കി  മണ്ഡലത്തില്‍ 8  സ്ഥാനാര്‍ത്ഥികള്‍

ഇടുക്കി: ലോക്‌സഭാ  മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍  എട്ട് സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്. 12  പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നത് . സൂക്ഷ്മ പരിശോധനയില്‍ 4  സ്ഥാനാര്‍ത്ഥികളുടെ  നാമനിര്‍ദേശ പത്രിക തള്ളി. ഡമ്മി സ്ഥാനാര്‍ത്ഥികളുടെ  പത്രികകളും  തള്ളിയവയില്‍പ്പെടും. മണ്ഡലം വരണാധികാരിയും ജില്ലാ കലക്ടറുമായ ഷീബ ജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയത്. സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ച ക്രമത്തിലായിരുന്നു പരിശോധന. ഏപ്രില്‍ 8 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. അതിന് ശേഷം മണ്ഡലത്തിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നിലവില്‍ വരും.

ഇടുക്കി മണ്ഡലത്തിലെ  സ്ഥാനാര്‍ത്ഥികളുടെ പട്ടിക ചുവടെ

1. അഡ്വ. ജോയ്‌സ് ജോര്‍ജ് (സി പി ഐ (എം))
2. അഡ്വ. ഡീന്‍ കുര്യാക്കോസ് ( ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)
3 .റസല്‍ ജോയ് (ബഹുജന്‍ സമാജ് പാര്‍ട്ടി)
4. സജി ഷാജി ( വിടുതലൈ ചിരുതൈകള്‍ കച്ചി)
5 .അഡ്വ. സംഗീത വിശ്വനാഥന്‍ (ഭാരത് ധര്‍മജന സേന )
6 .ജോമോന്‍ ജോണ്‍   (സ്വതന്ത്രന്‍)
7 .മനേഷ്  (സ്വതന്ത്രന്‍)
8 .പി കെ സജീവന്‍ ( (സ്വതന്ത്രന്‍)

കേസ് വിവരം: മൂന്ന് തവണ അറിയിപ്പു നല്‍കണം

ബാലറ്റ് പേപ്പറില്‍ പ്രദര്‍ശിപ്പിക്കേണ്ട സ്ഥാനാര്‍ത്ഥികളുടെ പേര് കൃത്യമായി നല്‍കണമെന്നും സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മൂന്ന് പ്രാവശ്യം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്നും വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്  നിര്‍ദേശം നല്‍കി. ആദ്യ പരസ്യം ഏപ്രില്‍ 9 മുതല്‍ 12 വരെയും  , രണ്ടാമത്തേത് ഏപ്രില്‍ 13 മുതല്‍ 16 വരെയും ,മൂന്നാമത്തേത് ഏപ്രില്‍ 17 മുതല്‍ 24 വരെയുള്ള തീയതികളിലുമാണ് പ്രസിദ്ധീകരിക്കേണ്ടത്.

പെരുമാറ്റച്ചട്ടം പാലിക്കണം, ചിഹ്നം 8 ന്

പൊതുസ്ഥലങ്ങളില്‍ പോസ്റ്റര്‍/ബാനര്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കരുതെന്നും ഹരിത പെരുമാറ്റ ചട്ടം പാലിച്ച് മാതൃകാപരമായ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കണമെന്നും  വരണാധികാരി നിര്‍ദ്ദേശിച്ചു . ഏപ്രില്‍ എട്ടിന് വൈകിട്ട് 3ന് ചിഹ്നങ്ങള്‍ നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow