മലങ്കര ഡാമില്‍ ഡീസില്‍റ്റേഷന്  ഉത്തരവിട്ട് മന്ത്രി റോഷി അഗസ്റ്റിന്‍

മലങ്കര ഡാമില്‍ നിന്ന് ചെളിയും എക്കലും നീക്കി സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കി

Jan 31, 2024 - 14:11
 0  5
മലങ്കര ഡാമില്‍ ഡീസില്‍റ്റേഷന്  ഉത്തരവിട്ട് മന്ത്രി റോഷി അഗസ്റ്റിന്‍


തിരുവനന്തപുരം: മലങ്കര ഡാമില്‍ നിന്ന് ചെളിയും എക്കലും നീക്കി സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കി. അണക്കെട്ടിന്റെ സംഭരണ ശേഷി 36.36 ദശലക്ഷം ഘന മീറ്റര്‍ ആണ്. എന്നാല്‍ കാലാകാലങ്ങളിലായി എക്കലും ചെളിയും മണലും അടിഞ്ഞു കൂടിയതിനെ തുടര്‍ന്ന് ഇത് 51 ശതമാനമായി കുറഞ്ഞിരുന്നു. അതായത് സംഭരണ ശേഷിയുടെ പകുതിയോളം നഷ്ടപ്പെട്ട സാഹചര്യമായിരുന്നു. 

ഏകദേശം 18 ദശലക്ഷം ഘന മീറ്റര്‍ ചെളിയും മണ്ണും എക്കലുമാണ് നീക്കം ചെയ്യേണ്ടത്. ഈ പ്രവര്‍ത്തി ടേണ്‍ കീ അടിസ്ഥാനത്തിലുള്ള ടെന്‍ഡര്‍ മുഖേനയാണ് നടപ്പാക്കുക. കരാര്‍ ഏറ്റെടുക്കുന്ന കമ്പനി ഡീസില്‍റ്റേഷന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിലേക്ക് പണം അടയ്ക്കുന്നതാണ് ടേണ്‍ കീ സമ്പ്രദായം. മുന്‍പ് പാലക്കാട് ജില്ലയിലുള്ള മംഗളം ഡാം ഇതേ മാതൃകയില്‍ കരാര്‍ നല്‍കിയിരുന്നു. നിലവില്‍ ചുള്ളിയാര്‍, വാളയാര്‍, മീങ്കര എന്നീ ഡാമുകളില്‍ വിവിധ ഏജന്‍സികള്‍ ഡീസില്‍റ്റേഷന്‍ പ്രവര്‍ത്തികള്‍ നടത്തി വരുന്നു. 

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപം മുട്ടത്ത് തൊടുപുഴയാറിനു കുറുകെ നിര്‍മിച്ച ഒരു ചെറിയ അണക്കെട്ടാണ് മലങ്കര. മൂവാറ്റുപുഴ ജലസേചന പദ്ധതിയുടെ ഭാഗമായാണ് ഇത് നിര്‍മിച്ചിട്ടുള്ളത്.

ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള ജലം ഉപയോഗിച്ച് മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലം തടഞ്ഞു നിര്‍ത്തി ജലസേചനത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കും വൈദ്യുതി നിര്‍മ്മാണത്തിനുമാണ് ഉപയോഗിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow