ട്രാൻസ്‌ജെൻഡർ വോട്ടർ എൻറോൾമെന്റിൽ 40 ശതമാനം വർധന

വഴുതക്കാട് സർക്കാർ വനിതാ കോളേജിൽ നടന്ന ക്യാമ്പിൽ അൻപതോളം പേരാണ് പങ്കെടുത്തത്.

Feb 5, 2024 - 23:28
 0  18
ട്രാൻസ്‌ജെൻഡർ വോട്ടർ എൻറോൾമെന്റിൽ 40 ശതമാനം വർധന
തിരുവനന്തപുരം:  പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ട്രാൻസ്‌ജെൻഡർ വോട്ടർ എൻറോൾമെന്റ് ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ സ്വീപിന്റെയും സർക്കാർ വനിതാ കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബിന്റെയും ആഭിമുഖ്യത്തിൽ നടന്ന എൻറോൾമെന്റ് ക്യാമ്പ് അസിസ്റ്റന്റ് കളക്ടർ അഖിൽ.വി.മേനോൻ ഉദ്ഘാടനം ചെയ്തു. എല്ലാവരേയും ഉൾപ്പെടുത്തി, എല്ലാവരിലേക്കും എത്തുന്ന തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും ഈ അവസരം ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവർ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അസിസ്റ്റന്റ് കളക്ടർ പറഞ്ഞു.വഴുതക്കാട് സർക്കാർ വനിതാ കോളേജിൽ നടന്ന ക്യാമ്പിൽ അൻപതോളം പേരാണ് പങ്കെടുത്തത്.

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കുന്നതിനും, ജെൻഡർ മാറ്റത്തിനും, പേര്, വിലാസം ഉൾപ്പെടെ തിരുത്തലുകൾ വരുത്തുന്നതിനും അവസരം ഒരുക്കിയിരുന്നു. പത്തോളം ബുത്ത് ലെവൽ ഓഫീസർമാരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തി. ഔദ്യോഗിക കണക്കുകൾ പ്രകാരം ജില്ലയിൽ 62 പേർ നേരത്തെ എൻറോൾ ചെയ്തിട്ടുണ്ട്. 25 പേർ ക്യാമ്പിലൂടെ പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർത്തു. ഇരുപതോളം പേർ തിരുത്തലുകൾ വരുത്തി. ഇത്തരത്തിൽ വോട്ടർ എൻറോൾമെന്റിൽ 40 ശതമാനം വർധനവാണുണ്ടായത്.
ഗവ.വനിതാ കോളേജ് പ്രിൻസിപ്പാൾ അനുരാധ അധ്യക്ഷയായിരുന്നു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുധീഷ് .ആർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷൈനിമോൾ, തിരുവനന്തപുരം സ്വീപ് ട്രാൻസ്‌ജെൻഡർ ഐക്കൺ ശ്യാമ.എസ്.പ്രഭ, ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോർഡിനേറ്റർ മഹേഷ് എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow