മുൻഗണനാ റേഷൻകാർഡുകൾ വിതരണം  ചെയ്തു

അതിദരിദ്രർ ഇല്ലാത്ത കേരളമാണ് സർക്കാർ ലക്‌ഷ്യം : മന്ത്രി  റോഷി അഗസ്റ്റിൻ

Feb 3, 2024 - 21:59
Feb 3, 2024 - 22:57
 0  2
മുൻഗണനാ റേഷൻകാർഡുകൾ വിതരണം  ചെയ്തു

കേരളത്തെ  അതിദരിദ്രർ ഇല്ലാത്ത സമൂഹമായി മാറ്റുകയാണ്  സർക്കാർ  ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി  റോഷി അഗസ്റ്റിൻ. മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്നതിൻ്റെ ഇടുക്കി താലൂക്ക് തല വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ച അപേക്ഷ ഉൾപ്പെടെ അൻപതിനായിരം കുടുംബങ്ങൾക്ക് അതിവേഗത്തിൽ റേഷൻ കാർഡുകൾ ലഭ്യമാക്കി.  2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച മുൻഗണനാ കാർഡിനുള്ള അപേക്ഷകളും, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള സദസ്സിൽ നിന്നും ലഭിച്ച അപേക്ഷകളും പരിശോധിച്ച ശേഷം , ആദ്യഘട്ടമെന്ന നിലയിൽ   302 പേർക്ക് മുൻഗണനാ കാർഡ് അനുവദിച്ചിട്ടുണ്ട് .

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം  ഇടുക്കി താലൂക്കിൽ 229 എ.എ.വൈ കാർഡും, 1328 പി.എച്ച്.എച്ച് കാർഡും  വിതരണം ചെയ്തു. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ അർഹരായ എല്ലാവർക്കും പുതിയ മുൻഗണനാ റേഷൻ കാർഡ് അക്ഷയ കേന്ദ്രത്തിൽ നിന്നോ സിറ്റിസൺ ലോഗിൻ വഴിയോ ഡൗൺലോഡ് ചെയ്യാം. തെളിമ പദ്ധതിയുമായി ബന്ധപ്പെട്ട് റേഷൻ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനായി ലഭിച്ച 66 അപേക്ഷകളിൽ 56 എണ്ണവും  തീർപ്പാക്കിയിട്ടുണ്ട്.

കമ്പിളികണ്ടം മിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ   കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രമ്യ റെനീഷ്  അധ്യക്ഷത വഹിച്ചു.  കൊന്നത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. കെ മൽക്ക, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സുമംഗല വിജയൻ, ജില്ലാ സപ്ലൈ ഓഫീസർ സജിമോൻ കെ. പി, താലൂക്ക് സപ്ലൈ ഓഫീസർ  ഷിജു കെ തങ്കച്ചൻ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, മുൻഗണന റേഷൻ കാർഡുകൾ ഏറ്റുവാങ്ങാൻ എത്തിയ കാർഡുടമകൾ തുടങ്ങിയവർ  പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow