ഭരണഘടനയുടെ അന്തസത്തയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പേരാടണം: മന്ത്രി റോഷി അഗസ്റ്റിന്‍

രാജ്യത്തിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നമ്മുടെ കൊച്ചുകേരളം വലിയ പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Jan 27, 2024 - 04:34
Feb 5, 2024 - 23:41
 0  9
ഭരണഘടനയുടെ അന്തസത്തയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പേരാടണം: മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി:  എല്ലാവര്‍ക്കും തുല്യനീതി വിഭാവനം ചെയ്യുന്ന നമ്മുടെ ഭരണഘടനയുടെ അന്തസത്തയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പേരാടാനുള്ള ഉത്തരവാദിത്തം എല്ലാവരിലും നിക്ഷിപ്തമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടുക്കി ഐ.ഡി.എ മൈതാനത്ത് 75-ാംമത് റിപ്പബ്ലിക് ദിനാഘോഷസന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ഭാഷയും സംസ്‌കാരവും ജീവിത രീതിയും അനുവര്‍ത്തിക്കുന്ന നമ്മുടെ രാജ്യത്തിലെ ജനങ്ങളെ കോര്‍ത്തിണക്കുന്ന കണ്ണിയാണ് ഭരണഘടന. ജാതിയുടെയും മതത്തിന്റെയും ഗോത്രത്തിന്റെയും പേരില്‍ നാട് വിഭജിക്കപ്പെടുമ്പോള്‍ കയ്യുംകെട്ടി നോക്കിനില്‍ക്കാനാവില്ല. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഫെഡറിസത്തെ പോലും വെല്ലുവിളിക്കുന്ന നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ ഛിദ്രശക്തികള്‍ക്കെതിരെ നിലപാടെടുക്കാനും മുന്നിട്ടിറങ്ങാനും രാജ്യത്തിന്റെ ഭരണഘടനയില്‍ വിശ്വസിച്ച് അര്‍പ്പിത മനോഭാവത്തോടെ മുന്നോട്ടുപോകാനും എല്ലാവര്‍ക്കും സാധിക്കണം- മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നമ്മുടെ കൊച്ചുകേരളം വലിയ പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ സകലവികസന സൂചികകളിലും കേരളത്തിന്റെ സ്ഥാനം ഒന്നാമതാണെന്നത് ഏതൊരു മലയാളിയെയും സന്തോഷിപ്പിക്കുന്നതാണ്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ടൂറിസം രംഗങ്ങളിലെല്ലാം ഇടുക്കി ജില്ല സമീപകാലത്ത് വലിയ കുതിപ്പാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു. 
റിപ്പബ്ലിക് ദിന പരേഡ് ചടങ്ങുകള്‍ രാവിലെ 9 മണിക്ക് ആരംഭിച്ചു. മുഖ്യാതിഥിയായ മന്ത്രി റോഷി അഗസ്റ്റിനെ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജും ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ യും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. ശേഷം പരേഡ് കമാന്‍ഡറോടൊപ്പം പരേഡ് പരിശോധിച്ചു. ഉടുമ്പഞ്ചോല പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറും പരേഡ് കമാന്ററുമായ വിനോദ് കുമാര്‍ വിയുടെ നേതൃത്വത്തില്‍ ബാന്‍ഡ് ഉള്‍പ്പെടെ 17 പ്ലറ്റുണുകളാണ് പരേഡില്‍ അണിനിരന്നത്. 
ആര്‍.എസ്.ഐ. അലോഷ്യസ് ടി.നയിച്ച ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ് ഇടുക്കി, എസ്.ഐ വിനോദ് കുമാര്‍ നയിച്ച ലോക്കല്‍ പൊലീസ് (പുരുഷന്‍),  എസ്.ഐ സുലേഖ നയിച്ച ലോക്കല്‍ പൊലീസ്(വനിത), എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടര്‍ എം.പി. ഉണ്ണികൃഷ്ണന്‍ നയിച്ച എക്സൈസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അജയ് ഘോഷ് നയിച്ച ഫോറസ്റ്റ്, അശ്വിന്‍ ബിനു (സര്‍ക്കാര്‍ കോളേജ്, കട്ടപ്പന) നയിച്ച എന്‍സിസി സീനിയര്‍ ഡിവിഷന്‍, കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഹരിഗോവിന്ദ് ബിജു, നേഹ ബൈജു എന്നിവര്‍ നയിച്ച എന്‍സിസി ജൂനിയര്‍ ഡിവിഷന്‍, പൈനാവ്  എംആര്‍എസിലെ സത്യനാഥ് എസ്, സെന്റ് ജോര്‍ജ് എച്ച് എസ് വാഴത്തോപ്പിലെ ഹരിഗോവിന്ദ് ആര്‍ നായര്‍, അലോണ സിജി, പഴയരിക്കണ്ടം ജി.എച്ച്.എസ്.എസിലെ അഖില മനോജ് എന്നിവര്‍ നയിച്ച സ്റ്റുഡന്‍സ് പൊലീസ് കേഡറ്റുകള്‍, ജവഹര്‍ നവോദയ വിദ്യാലയത്തിലെ ബാലകുമാര്‍ ബി നയിച്ച സ്‌കൗട്ട്, വിസ്മയരാജ് നയിച്ച ഗൈഡ്സ്  എന്നീ പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. പൈനാവ്  എംആര്‍എസിലെ ഐശ്വര്യ സത്യന്‍, നങ്കിസിറ്റി എസ്. എന്‍.എച്ച്. എസ്. എസ് ലെ വൈഷ്ണവ് അനീഷ്,  ആര്‍.എസ്. ഐ മത്തായി ജോണ്‍ സി എന്നിവരുടെ നേതൃത്വത്തിലുള്ള ബാന്‍ഡ് പരേഡിന് താളമൊരുക്കി. കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തിലെ സച്ചു ബിനുവിന്റെ നേതൃത്വത്തില്‍ ദേശീയ ഗാനവും ജവഹര്‍ നവോദയ വിദ്യാലയത്തിലെ ദേവഗംഗയുടെ നേതൃത്വത്തില്‍ ദേശഭക്തിഗാനവും അനഘ മരിയ സാബു വയലിനില്‍ വന്ദേമാതരവും ആലപിച്ചു.

പരേഡില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച പ്ലറ്റൂണുകള്‍ക്ക്  മന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി. ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ് ഇടുക്കി, എന്‍സിസി ജൂനിയര്‍ ഡിവിഷന്‍ വിഭാഗത്തില്‍ കുളമാവ് ജവഹര്‍ നവോദയ വിദ്യാലയം, സ്റ്റുഡന്റസ് പൊലീസ് ബോയ്സ് വിഭാഗത്തില്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂള്‍, ഗേള്‍സ് വിഭാഗത്തില്‍ വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂള്‍, പഴയരിക്കണ്ടം ജി. എച്ച്. എസ്. എസ്, ബാന്‍ഡ് വിഭാഗത്തില്‍ പൈനാവ് എം. ആര്‍. എസ്, നങ്കിസിറ്റി എസ്. എന്‍. എച്ച്. എസ്. എസ്  എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.  
പരിപാടിയില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി , എ ഡി എം ഷൈജു പി ജേക്കബ്, സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ നിമ്മി ജയന്‍, സിജി ചാക്കോ, പ്രഭാ തങ്കച്ചന്‍, ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ,  വിവിധ രാഷ്ട്രീയ സാമൂഹിക  നേതാക്കള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow