വന്‍അഴിമതി; തൊടുപുഴ അര്‍ബന്‍ ബാങ്ക് ചെയര്‍മാനെതിരെ ബാങ്ക് സംരക്ഷണ സമതി സമരത്തിലേയ്ക്ക്‌

ഏപ്രില്‍ 15 ന് ബാങ്കിനു മുന്‍പില്‍ പ്രതിഷേധയോഗം നടത്തും

Apr 2, 2024 - 20:42
 0  1
വന്‍അഴിമതി; തൊടുപുഴ അര്‍ബന്‍ ബാങ്ക് ചെയര്‍മാനെതിരെ  ബാങ്ക് സംരക്ഷണ സമതി സമരത്തിലേയ്ക്ക്‌

തൊടുപുഴ: അഴിമതിക്കാരനായ തൊടുപുഴ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ വി.വി. മത്തായി രാജി വയ്ക്കണമെന്നും തൊടുപുഴ അര്‍ബന്‍ ബാങ്കില്‍ നടന്ന വന്‍ അഴിമതിയും തട്ടിപ്പും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ബാങ്കിനെ സംരക്ഷിക്കണമെന്നും ആവശ്യപ്പട്ട് ഏപ്രില്‍ 15 ന് ബാങ്കിനു മുന്‍പില്‍ പ്രതിഷേധയോഗം നടത്തുമെന്നും ബാങ്ക് സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍  അറിയിച്ചു.

സാധാരണക്കാരുടെ ആശ്രയമായ അര്‍ബന്‍ ബാങ്കില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍ബിഐ ബാങ്കിന് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ബാങ്കിന്റെ നിത്യേനയുള്ള ഇടപാടുകളും നടത്തിയിരുന്നത്.ഈ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് ഈട് വസ്തുവിന്റെ വില ഇരട്ടിയായി പെരുപ്പിച്ച് കാണിച്ച് ബിനാമി പേരുകളില്‍ ക്രമവിരുദ്ധമായും, ആവശ്യമായ രേഖകള്‍ സൂക്ഷിക്കാതെയും നിരവധി വ്യക്തികള്‍ക്ക് കോടി കണക്കിന് രൂപ വായ്പയായി നല്‍കിയത്. ഇതില്‍ വന്‍ ക്രമക്കേടാണ് നടന്നതെന്നും വന്‍കിട കുടിശ്ശികക്കാര്‍ക്ക് ഭീമമായ തുക ഇളവ് നല്‍കിയതായും, ബാങ്ക്  ചെയര്‍മാന്‍ വി.വി മത്തായി 8 ലക്ഷത്തോളം രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്നും തട്ടിയെടുക്കുകയും ചെയ്തു എന്നത് ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളും ബാങ്ക് സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു. 

അര്‍ബന്‍ ബാങ്ക് ഭരണസമിതി ചെയര്‍മാന് എതിരെ ഗുരുതരമായ സാബത്തിക ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ചെയര്‍മാന്‍ വി.വി മത്തായി ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് സംരക്ഷണ സമിതി വീണ്ടും പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് വന്നത്.. ഇ ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഈ മാസം 15ന് ബാങ്കിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുന്നതെന്ന്  ഭാരവാഹികള്‍ അറിയിച്ചു. ബാങ്ക് വായ്പയായി നല്‍കിയ 165 കോടി രൂപയില്‍ 56 കോടിയിലധികം രൂപ തിരികെ ലഭിക്കുവാനുണ്ടെന്നും ഇതില്‍ തന്നെ 50 കോടി രൂപ തിരികെ ലഭിക്കാത്ത വിധം, ക്രമവിരുദ്ധവും, നിയമ വിരുദ്ധവുമായിട്ടുള്ള  വായ്പകളും  നല്‍കിയതായും ഈ പണം ബാങ്കിന് എന്നന്നേക്കുമായി നഷ്ടപ്പെട്ടതാണെന്നും,സംരക്ഷണ സമതി മാധ്യമങ്ങളോട് പറഞ്ഞു. 


സാമ്പത്തിക ക്രമക്കേടെന്ന ആരോപണങ്ങളെ മറയാക്കാന്‍ നോട്ട് നിരോധനം, കോവിഡ്, വെള്ളപ്പൊക്കം തുടങ്ങിയ ന്യായങ്ങള്‍ നിരത്താതെ ചെയര്‍മാന്‍ കൃത്യമായ മറുപടി നല്‍കണമെന്നും  അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും ബാങ്ക് സംരക്ഷണ സമിതി  അറിയിച്ചു.ഇടുക്കി പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ പി.എം.മാനുവല്‍, എം.സി മാത്യു,അഡ്വ. മോഹനകൃഷ്ണന്‍ നായര്‍,ബാബു ചാമക്കാല എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow