മഴക്കാലമാരംഭിച്ചതോടെ മാങ്കുളത്ത് വൈദ്യുതിമുടക്കം
പ്രതിസന്ധിയാകുന്നു.മഴക്കാലമെത്തുന്നതോടെ മാങ്കുളത്തെ കുടുംബങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉണ്ടാകുന്ന വൈദ്യുതി മുടക്കം.
ഇടുക്കി: ഇതുവരെയുള്ള എല്ലാ മഴക്കാലങ്ങളിലും മാങ്കുളത്ത് സമാന സ്ഥിതിയാണ്.കല്ലാര്‍ മാങ്കുളം റോഡിലടക്കം തുടര്‍ച്ചയായി മരങ്ങള്‍ നിലം പതിക്കുന്നതാണ് വൈദ്യുതി മുടക്കത്തിനുള്ള പ്രധാന കാരണം.
ഒരിടത്തുണ്ടാകുന്ന പ്രശ്‌നം പരിഹരിച്ച് കഴിയുമ്പോള്‍ തന്നെ മറ്റൊരിടത്ത് മരമോ ശിഖരങ്ങളോ ഒടിഞ്ഞ് ചാടി വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകരുന്നതാണ് വെല്ലുവിളിയാകുന്നത്. ഇത് കുടുംബങ്ങളെ മാത്രമല്ല വൈദ്യുതി വകുപ്പ് ജീവനക്കാരെയും വലക്കുന്നു
. തുടര്‍ച്ചയായ ദിവസങ്ങളില്‍ വൈദ്യുതി ഇല്ലാതാകുന്നതോടെ വലിയ പ്രതിസന്ധിയാണ് മാങ്കുളത്തുള്ളവര്‍ നേരിടുന്നത്. വ്യാപാര മേഖലക്ക് വലിയ നഷ്ടം സംഭവിക്കുന്നു. കോള്‍ഡ് സ്‌റ്റോറേജുകള്‍, ബേക്കറികള്‍, ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ഇവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ താറുമാറാകും.
ഫ്രീസറില്‍ സൂക്ഷിക്കേണ്ടുന്ന സാധനസാമഗ്രികള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വൈദ്യുതി ഇല്ലാതാകുന്നതോടെ നശിച്ചു പോകുന്ന സ്ഥിതിയുണ്ട്. ശീതീകരണ അന്തരീക്ഷത്തില്‍ മരുന്നുകള്‍ സൂക്ഷിക്കേണ്ടുന്ന രോഗികളും ബുദ്ധിമുട്ടനുഭവിക്കുന്നു. വെളിച്ചമില്ലാതാകുന്നതോടെ രാത്രികാലത്ത് വിദ്യാര്‍ത്ഥികളുടെ പഠനവും നടക്കാതാകും.
ചാര്‍ജ്ജ് തീര്‍ന്ന് മൊബൈലുകള്‍ സ്വിച്ച് ഓഫ് ആകുന്നതോടെ പെരുമഴക്കാലത്ത് ആളുകള്‍ക്ക് അത്യാവശ്യ സാഹചര്യങ്ങളില്‍ പരസ്പരം ബന്ധപ്പെടാനുള്ള വഴിയും അടയും. മഴ മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിക്കുന്ന അവധി പോലും ഉള്‍മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ വൈകിയാണ് അറിയുന്നത്.വിനോദ സഞ്ചാരമേഖലക്കും തുടര്‍ച്ചയായ വൈദ്യുതി തടസ്സം തിരിച്ചടിയാകുന്നു.
ഓരോ മഴക്കാലത്തും വൈദ്യുതി വകുപ്പിന് കല്ലാര്‍ മാങ്കുളം റോഡിലെ മരം വീഴ്ച്ച മൂലം വലിയ നഷ്ടം സംഭവിക്കുന്നുണ്ട്. ദിവസവും ഒന്നിലധികം വൈദ്യുതി തൂണുകള്‍ മരം വീണൊടിയുന്ന സ്ഥിതി ഇപ്പോള്‍ ഉണ്ട്. പോയ വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ വൈദ്യുതി വകുപ്പിന്റെ നഷ്ടം വലുതായിരിക്കും.
മരം വീഴ്ച്ച തുടര്‍ച്ചയായ മേഖലയിലെ വൈദ്യുതി ലൈനുകള്‍ ഭൂഗര്‍ഭ കേബിളുകള്‍ ആക്കണമെന്ന ആവശ്യം ഏറെ നാളായി നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുമ്പ് ചില പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മുമ്പോട്ട് പോക്കുണ്ടായില്ല.
കല്ലാര്‍ മാങ്കുളം റോഡിനോരത്ത് അപകടാവസ്ഥ ഉയര്‍ത്തുന്ന നിരവധി മരങ്ങള്‍ നില്‍ക്കുന്നുണ്ട്. അവ മുറിച്ച് നീക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇപ്പോഴും നിസംഗത പുലര്‍ത്തുന്നു. വൈദ്യുതി മുടക്കത്തിനപ്പുറം മരം വീഴുന്ന സാഹചര്യങ്ങളില്‍ തലനാരിഴക്കാണ് വലിയ അപകടങ്ങള്‍ ഒഴിവായി പോകുന്നത്.
What's Your Reaction?