കൊതുക് പരത്തുന്ന വിവിധ രോഗങ്ങളെ തടയുന്നതിനു വേണ്ടി മെഡിക്കൽ കോളേജ് ക്യാമ്പസ് പരിസരങ്ങളിൽ കൊതുകിന്റെ ഉറവിടം നശിപ്പിക്കുന്നതിനായി ത്രികോണ രീതിയിൽ 3 മണിക്കൂർ നീണ്ടു നിന്ന ഫോഗിംഗ് യജ്ഞം നടത്തി.
ഒരേ സമയം മൂന്ന് ദിശകളിൽ നിന്നും ഫോഗിംഗ് നടത്തുന്നതു വഴി മെഡിക്കൽ കോളേജ് ക്യാമ്പസിന്റെ പരിസരത്തെ പൂർണ വളർച്ച എത്തിയ ഭൂരിഭാഗം കൊതുകുകളെയും നിർമാർജ്ജനം ചെയ്യാൻ കഴിയുന്നതാണ്. കളമശ്ശേരി മുനിസിപ്പാലിറ്റിയുടെയും കൊച്ചി കോർപറേഷന്റെയും സഹകരണത്തോടെയാണ് ഫോഗിംഗ് യജ്ഞം നടത്തിയത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പ്രതാപ് എസ് , മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ എറണാകുളം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ബിനു അരീക്കൽ, സാംക്രമീക രോഗ വിഭാഗം നോഡൽ ഓഫീസർ ഡോ. സുധിരാജ്, ജില്ലാ വെക്ടർ കോൺട്രോൾ യൂണിറ്റ് മേധാവി ദാമോദരൻ എന്നിവർ ഈ യജ്ഞത്തിന് നേതൃത്വം നൽകി.
തുടർന്ന് എല്ലാ ആഴ്ച്ചകളിലും കൂത്താടി നശീകരണത്തിനായി അവയുടെ ഉറവിടം കണ്ടെത്തുന്നതിനും അബേറ്റ് ഗ്രാനൂൾ ഉപയോഗിച്ച് കൂത്താടികളെ നിയന്ത്രിക്കാനുള്ള പ്രവർത്തികൾ നടന്നു വരുന്നുണ്ട്.ആയിരക്കണക്കിന് രോഗികളും വിദ്യാർത്ഥികളും ജീവനക്കാരുമടങ്ങുന്ന മെഡിക്കൽ കോളേജ് ക്യാമ്പാസിൽ കൊതുകുജന്യ രോഗങ്ങളെ ഒരു പരിധിവരെ തടഞ്ഞു നിർത്തി പ്രതിരോധ വലയം തീർക്കാൻ ഈ യജ്ഞവും തുടർ പ്രവർത്തനങ്ങളും കൊണ്ടും സാധ്യമാകും.