പതിനെട്ടാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ ഫെബ്രുവരി 8 ന് ; ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു.
ഫെബ്രുവരി 8 മുതല്‍ 11 വരെ തൊടുപുഴ സില്‍വര്‍ ഹില്‍സ് സിനിമാസില്‍ നടക്കുന്ന മേളയില്‍ എല്ലാദിവസവും നാല് ചലച്ചിത്രങ്ങള്‍ വീതമാണ് പ്രദര്‍ശിപ്പിക്കുന്നത്
തൊടുപുഴ: ലോക സിനിമയില്‍ നിന്ന് തെരെഞ്ഞെടുത്ത മികച്ച സിനിമകളുടെ പ്രദര്‍ശനങ്ങളൊരുക്കി പതിനെട്ടാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ ഫെബ്രുവരി 8 മുതല്‍ 11 വരെ നടക്കും . തൊടുപുഴ നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേര്‍ന്ന് കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ് എഫ് എസ് ഐ യുടെയും സഹകരണത്തോടെയാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 8 മുതല്‍ 11 വരെ തൊടുപുഴ സില്‍വര്‍ ഹില്‍സ് സിനിമാസില്‍ നടക്കുന്ന മേളയില്‍ എല്ലാദിവസവും നാല് ചലച്ചിത്രങ്ങള്‍ വീതമാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട് എന്ന സിനിമയാണ് ഉദ്ഘാടനചലച്ചിത്രം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്തവിഷയങ്ങള്‍ പ്രമേയമാക്കിയ 12 സിനിമകളും നാലു മലയാള സിനിമകളുമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മീറ്റ് ദി ഡയറക്ടര്‍, ഓപ്പണ്‍ ഫോറം, കലാസായാഹ്നങ്ങള്‍ എന്നിവയും ചലച്ചിത്രമേളയുടെ ഭാഗമായി നടക്കും.
ഫെബ്രുവരി 5 ന് ഇടുക്കി പ്രസ് ക്‌ളബില്‍ വെച്ചു നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് സെക്രട്ടറി ജയ്‌സ് വാട്ടാപ്പിള്ളിലിന് ആദ്യകോപ്പി നല്‍കിക്കൊണ്ട് തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു.
ഫെബ്രുവരി 8 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജോഷി മാത്യു മുഖ്യാതിഥിയായി പങ്കെടുക്കും. ഫിലിം സൊസൈറ്റി പ്രസിഡണ്ട് എന്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ അഭിനേതാക്കളായ സോമു മാത്യു. ഹര്‍ഷിത, ബിച്ചു അനീഷ്, ഡോ. സ്മിത പിഷാരടി സാങ്കേതികപ്രവര്‍ത്തകരായ ജെയ്, നെവിന്‍ മൈക്കേല്‍ എന്നിവരും പങ്കെടുക്കും. തൊടുപുഴ നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രൊഫ ജെസ്സി ആന്റണി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ ദീപക്, ഷീജ ഷാഹുല്‍ ഹമീദ്, അബ്ദുള്‍ കരീം, ബിന്ദു പത്മകുമാര്‍, പി ജി രാജശേഖരന്‍, എഫ് എഫ് എസ് ഐ റീജിയണല്‍ കൗണ്‍സില്‍ അംഗം യു എ രാജേന്ദ്രന്‍ ഫിലിം സൊസൈറ്റി സെക്രട്ടറി എം എം മഞ്ജുഹാസന്‍, ജോയിന്റ് സെക്രട്ടറി സനല്‍ ചക്രപാണി എന്നിവരും പ്രസംഗിക്കും.
ഫെബ്രുവരി എട്ടാം തീയതി രാവിലെ 10.30 ന് സ്പാനിഷ് സിനിമയായ Where the tracks end, 2 മണിക്ക് ഫ്രഞ്ച് സിനിമയായ My Sweet Pepper land, വൈകിട്ട് 6 മണിക്ക് ഉദ്ഘാടന ചലച്ചിത്രമായ മലയാളം സിനിമ നൊമ്പരക്കൂട്, രാത്രി 8.15 ന് ഫ്രഞ്ച് ചലച്ചിത്രം Petit Maman എന്നിവ പ്രദര്‍ശിപ്പിക്കും.
What's Your Reaction?