ചുട്ടുപൊള്ളുന്ന വേനല്‍; പതിവായി അപ്രഖ്യാപിത വൈദ്യുതി മുടക്കം;  ജനങ്ങള്‍ ദുരിതത്തില്‍.

മണിക്കൂറോളമുള്ള വൈദ്യുതി മുടക്കം മൂലം പാല്‍ ഉള്‍പ്പെടെയുള്ളവ കേടാകുന്നതായും വ്യാപാരികളും പരാതിപ്പെടുന്നു.

Apr 3, 2024 - 16:29
 0  1
ചുട്ടുപൊള്ളുന്ന വേനല്‍; പതിവായി അപ്രഖ്യാപിത വൈദ്യുതി മുടക്കം;  ജനങ്ങള്‍ ദുരിതത്തില്‍.

ഇടുക്കി:ചുട്ടുപൊള്ളുന്ന വേനലില്‍ അപ്രഖ്യാപിത വൈദ്യുതി മുടക്കം കൂടിയായതോടെ ജനങ്ങള്‍ ദുരിതത്തില്‍. കൊടുവേനലില്‍ ഫാനോ മറ്റ് ഉപകരണങ്ങളോ ഇല്ലാതെ അല്‍പനേരം പോലും വീടിനകത്തിരിക്കാന്‍ കഴിയാത്ത വിധം കൊടുംചൂട് അനുഭവപ്പെടുമ്പോഴാണ് കെഎസ്ഇബിയുടെ ഈ ഇരുട്ടടി. ഗാര്‍ഹിക ഉപഭോക്താക്കളും വ്യാപാരികളും ഓഫിസ് ജീവനക്കാരുമെല്ലാം ഇതുമൂലം ഒരേ പോലെ  ഈ ദുരിതം അനുഭവിക്കുകയാണ്‌.രാത്രി വൈദ്യുതി മുടങ്ങുന്നതോടെ ഉറക്കവും നഷ്ടപ്പെടുന്ന സ്ഥിതിയിലാണ് ജനങ്ങള്‍. അറ്റകുറ്റപ്പണികളുടെ പേരില്‍ മുന്‍കൂട്ടി അറിയിപ്പു നല്‍കിയുള്ള വൈദ്യുതിമുടക്കത്തിനു പുറമേ അപ്രഖ്യാപിത വൈദ്യുതിമുടക്കവും ജനങ്ങളെ വലയ്ക്കുകയാണ്.  വൈദ്യുതിമുടക്കത്തിനു പിന്നിലെ കാരണം തിരക്കി കെഎസ്ഇബി ഓഫീസില്‍ വിളിച്ചാല്‍ വ്യക്തമായ മറുപടി കിട്ടാറില്ലെന്നും ജനങ്ങള്‍ പരാതി ഉന്നയിക്കുന്നു. 

തൊടുപുഴയില്‍ വൈദ്യുതി നമ്പര്‍ 1 ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന നഗരപ്രദേശത്ത് ഇന്നലെ പലതവണ വൈദ്യുതി തടസ്സം നേരിട്ടു എന്നും നമ്പര്‍ 2 സെക്ഷന്റെ പരിധിയില്‍ വരുന്ന കാഞ്ഞിരമറ്റം, തെക്കുംഭാഗം തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാത്രിയും ഇന്നലെ പകലുമായി മണിക്കൂറുകള്‍ വൈദ്യുതി ഇല്ലാത്ത സ്ഥിതി ഉണ്ടായെന്നും ജനങ്ങള്‍ പറയുന്നു.

കുമ്മംകല്ല് മേഖലയിലെ നിരന്തരമായ വൈദ്യുതി മുടക്കവും വോള്‍ട്ടേജ് ക്ഷാമവും പരിഹരിക്കണമെന്നാവശ്യപ്പെട്ടു മുസ്ലിം ലീഗ് ഭാരവാഹികള്‍ കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും കഴിഞ്ഞദിവസം നിവേദനം നല്‍കിയിരുന്നു. മണിക്കൂറുകളോളം വൈദ്യുതി മുടക്കം മൂലം ബേക്കറികള്‍ ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ പാല്‍, ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ കേടായി വലിയ നഷ്ടം നേരിടുന്നതായും സ്ഥാപന ഉടമകളും പരാതിപ്പെടുന്നു. രാത്രിയിലാണ് കൂടുതലും വൈദ്യുതി മുടങ്ങുന്നതെന്നും, ഈ അവസ്ഥയില്‍ പലപ്പോഴും പിറ്റേദിവസമാകും പുനഃസ്ഥാപിക്കുകയെന്നും അതുവരെ വളരെ ബുദ്ധിമുട്ട് നേരിടുന്നു എന്നും ജനങ്ങള്‍ പറയുന്നു. എത്രയും വേഗം പ്രശ്‌നത്തിന്  പരിഹാരം കണ്ടെത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow