പൊതുതെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
ആദ്യ ദിവസം നടന്ന പരിശീലന പരിപാടിയിൽ അഞ്ചു താലൂക്കുകളിലായി 250 ഓളം ജീവനക്കാർ പങ്കെടുത്തു.
ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥർക്കുളള പരിശീലന ക്ലാസ്സുകൾ ആരംഭിച്ചു. ഇടുക്കി താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് കളക്ട്രേറ്റ് കോൺഫറൻസ് ഹാൾ, മിനി കോൺഫറൻസ് ഹാൾ, പ്ലാനിങ് ഓഫീസ് ഹാൾ എന്നിവിടങ്ങളിലായും, ദേവികുളം താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് മൂന്നാർ എഞ്ചിനീയറിംഗ് കോളേജിലും, തൊടുപുഴ താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് തൊടുപുഴ ന്യൂമാൻ കോളേജിലും, പീരുമേട് താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് കുട്ടിക്കാനം മരിയൻ കോളേജിലും, ഉടുമ്പൻചോല താലൂക്ക് പരിധിയിലെ ജീവനക്കാർക്ക് സിവിൽ സ്റ്റേഷൻ നെടുങ്കണ്ടം,സർവ്വീസ് കോപ്പറേറ്റിവ് ബാങ്ക് നെടുംകണ്ടം, അർബൻ ബാങ്ക് നെടുംകണ്ടം എന്നിവിടങ്ങളിലുമായാണ് പരിശീലനം സംഘടിപ്പിച്ചത് . ആദ്യ ദിവസം നടന്ന പരിശീലന പരിപാടിയിൽ അഞ്ചു താലൂക്കുകളിലായി 250 ഓളം ജീവനക്കാർ പങ്കെടുത്തു. ഏപ്രിൽ നാല് വരെ രാവിലെ ഒൻപത് മണി മുതൽ ഒരു മണി വരെയും ഒരു മണി മുതൽ അഞ്ചു മണി വരെയും രണ്ട് സെഷനുകളിലായാണ് ക്ലാസുകൾ. ജില്ലാതലത്തിൽ ട്രെയിനിങ് ലഭിച്ച മാസ്റ്റർ ട്രെയിനർമാരാണ് പരിശീലന ക്ലാസ്സുകൾക്ക് നേതൃത്വം വഹിക്കുന്നത്.
What's Your Reaction?